ശലഭത്തിനെ ബ്ലോഗ് പ്രണയിക്കും നേരം
ബ്ളോഗെന്ന തുറന്ന മാധ്യമത്തിന്റെ വിജയം ബിനു ദേവസ്യയെപ്പോലുള്ള അക്ഷരപിച്ച(ജീവിത പിച്ച)നടക്കുന്ന കുഞ്ഞു(വലിയ) എഴുത്തുകാരുടെ രചനകള്‍ പ്രസിദ്ധീകരിക്കപ്പെടുമ്പോഴാണ് . http://www.binuvinte-kavithakal.blogspot.com/ .വാരികകള്‍ക്ക് പ്രിയപ്പെട്ടവനാകണമെങ്കില്‍ എരിവും പുളിയും കൊടുക്കുന്ന ജീവിതകഥയും, എഴുത്തും നല്‍കുന്ന ഏത് കുറ്റിച്ചൂലിനും സാധ്യമാകും.പക്ഷേ ബ്ലോഗിനാവട്ടെ അകക്കാമ്പ് തന്നെ വേണം. കാരണം ഇതൊരു പൊതു മാദ്ധ്യമമാണ് തലതൊട്ടപ്പന്മാരില്ല, എത്ര വലിയവന്‍ പിന്തുണച്ചാലും ആപ്രിയഗോഷ്ടികള്‍ തുറന്നും കാട്ടപ്പെടും. അവിടെയാണ് വിനു ദേവസ്യയെപ്പോലെ ആത്മാവുകൊണ്ട് അക്ഷരപൂജ ചെയ്യുന്ന കവിയെ ജനം അംഗീകരിക്കുന്നത് ... വിതുമ്പിടുമെന്‍ ഹൃദയസ്പന്ദനം തുടച്ചു നീക്കിയെന്നെ സ്വതന്ത്രനാക്കീടണെ ...... എന്നു ദൈവത്തോടിരക്കുന്ന ഒരു കവിക്ക് ഇരിപ്പിടം കൊടുക്കുവാനും ആ പൊള്ളിക്കുന്ന ജീവിത കഥയെക്കേട്ട് ബിനുവിനെ സഹായിക്കുവാനും മലയാളം ബ്ളോഗിന്റെ ഭിത്തിയിടങ്ങളില്‍ വായനക്കാരെത്തി എന്നതാണ് ഈ മാദ്ധ്യമത്തിന്റെ ശക്തിയും നന്മയും. ബ്ളോഗില്‍ സ്വയം കമന്റിയും വോട്ടു ചെയ്തും നടക്കുന്ന മണ്ടശിരോമണികളും ഇതൊന്നു കാണുക. ഒരു കമന്റിനു മറുകമന്റെഴുതി തെണ്ടിനടക്കുന്ന വര്‍മ്മമാരുടെയൊന്നും വൃത്തികെട്ട കമന്റുകളും ഭാഗ്യം കൊണ്ട് ഈ ബ്ളോഗിനെ അശുദ്ധമാക്കിയില്ല എങ്കിലും 44 കമന്റുകള്‍ അതും പതിവു അശ്ളീലങ്ങള്‍ ഒഴിവാക്കിയ ഹൃദയസ്പര്‍ശിയായ കമന്റുകള്‍ കൊണ്ട് ഈ ബ്ളോഗിനെ അനുഗ്രഹിച്ച മാന്യ വായനക്കാര്‍ക്ക് നാരായം ഹൃദയം നിറഞ്ഞ അഭിനന്ദനം അറിയിക്കുന്നു. ഇനി ബിനുവിന്റെ കവിത നോക്കാം-:
ഇന്നൊരു വൈകിട്ട്കൂട്ടാന്‍ -
വെച്ചൊരുപയറു തോരന്‍ വെന്തില്ല.
പക്ഷേ,വയറല്ലേ,
വിശപ്പല്ലേ,കൂട്ടി
ഇല തീയില്‍ ആവിച്ച
പോലൊരു രുചി
ഇത്തിരി പോലും മുളകില്ല.
പച്ചചുവയും ഇടിവെട്ടികൂണുമുളച്ചതുമാതിരി
കൊത്തിയിട്ടതേങ്ങയുമായൊരുതോരന്‍.
ഇഷ്ട്മെന്നോതണോ?
അനിഷ്ടം ചൊല്ലണോ?
സോദരി സ്നേഹമായ് തന്നതല്ലേ......(തോരന്‍)
പ്രായം പതിനേഴുവയസ്സെങ്കിലും ഏഴാം ക്ളാസ്സിലാണ് ബിനു പഠിക്കുന്നത്. മരുന്നിനെയും എല്ലുനുറുങ്ങുന്നതിനെയും സഹിക്കാന്‍ പഠിച്ച ബിനുവിനു വേദന ഹിരോഷിമയും ഭൂകമ്പവും ഒക്കെയാണ് എന്നത് പ്രേമകവിതകളും പിണ്ണാക്ക് ചര്‍ച്ചകളും നടത്തിബ്ളോഗിലലയുന്ന അലവലാതികളില്‍ നിന്നും ഈ കവിയെ വ്യത്യസ്തനാക്കുന്നു.ബിനുവിന്റെ ഒരു കവിത സമഹാരം പുറത്ത് വരികയാണ്. ലോകം മരിച്ചവരെപ്പറ്റി ചര്‍ച്ച ചെയ്യുവാനുള്ളതാണെന്ന് കുറഞ്ഞപക്ഷം അക്കാദമിബുജികളെങ്കിലും കരുതുന്നുണ്ടാവും ബൂലോകത്തിനോട് നാരായം പ്രാര്‍ത്ഥിക്കുന്നത് ബിനുവിനെപ്പോലെ ജീവിതത്തില്‍ അവശനെങ്കിലും എഴുത്തില്‍ ശക്തനായ, ആകുവാന്‍ കൊതിക്കുന്ന പ്രതിഭകളെ തുടര്‍ന്നും ആവും വിധം മന,തനു,ധനമാര്‍ഗ്ഗങ്ങളാല്‍ പിന്തുണനല്‍കണമെന്നാണ്.
ഞാന്‍ഓന്ത് (സച്ചിദാനന്ദന്‍)
‘ഞാന്‍ മുസ്ലീം‘ എന്ന സച്ചിദാനന്ദന്റെ കവിത ഒറ്റനോട്ടത്തില്‍ ഇരകളാക്കപ്പെടുന്നവര്‍ക്കൊപ്പം നില്‍ക്കുന്നു എന്നു തോന്നിപ്പിക്കുന്നെങ്കിലും സച്ചിദാനന്ദനെ ലോകത്തില്‍ ഓന്തിനുശേഷം നിറം മാറാന്‍ കഴിവുള്ള ഒരു ജീവി എന്ന ഗണത്തില്‍ പെടുത്താം. എണ്ണമറ്റ കവിതകളെഴുതിയ സച്ചിദാനന്ദനു മാത്രമെ സച്ചിദാനന്ദന്റെ പ്രേമകവിതകള്‍ , പ്രകൃതികവിതകള്‍,പ്രേതകവിതകള്‍,കമ്മ്യൂണിസ്റ്റ് കവിതകള്‍,ഗസലുകള്‍, വിപ്ലവകവിതകള്‍,അക്കാദമിക് കവിതകള്‍ , ബോറ് കവിതകള്‍ എന്നിങ്ങനെ ഏത് ഗ്രൂപ്പിന്റെ ഭാഗമായും വിലസുവാന്‍ സാധിക്കമാറ് കാലഘട്ടം നോക്കി(ഭരണം സൗകര്യം നോക്കി എന്നു പറയുന്നില്ല) കവിതയെഴുതുവാന്‍ കഴിവുള്ള അപൂര്‍വ്വ ജനുസ്സില്‍ പെട്ട കവിയാകുവാന്‍ സാധിക്കു.
കഴുതയെഴുത്ത്
നിറഞ്ഞ സത്തകള്‍ക്കു
പിന്നില്‍നാം നിശബ്ധര്‍.
മുന്‍പേ നടന്നില്ല
പിന്‍പേയും ഞാന്‍,
സമകാലീന ജന്മങ്ങളാം
ഭാഗ്യങ്ങള്‍ മാത്രം നാം.
കല എഴുതുന്ന വികല രചനകളില്‍ പുതിയത് . വെളിച്ചത്തിന്റെ വീട് എന്ന ബ്ലോഗില്‍(മരംപെയ്യുന്നു.ബ്ലോഗ്ഗസ്പ്പോട്ട്.കോം)നിന്ന്‍. നിരന്തരം പോസ്റ്റുന്നത് കൊണ്ടാവും .എഴുതുന്നത് കുറഞ്ഞ പക്ഷം മുഴുവന്‍ കവി ഒരാവര്‍ത്തി കൂടിയെങ്കിലും വായിക്കണം എങ്കിലല്ലെ വായനക്കാരന് വീണ്ടും വായിക്കാന്‍ തോന്നു.
വിളവെടുപ്പ്
വിജ്ഞാനം യജ്ഞം തനുതേ(തൈത്തിരിയോപനിഷത്ത്)
വിശേഷമായ അറിവുള്ളവര്‍ യജ്ഞത്തെ(വലിയ കൃത്യങ്ങളെ ) ചെയ്യുന്നു. കാവ്യം സുഗേയം എന്ന ബ്ളോഗ് യഥാര്‍ത്ഥത്തില്‍ അത്തരം ഒരു സംരഭത്തിന്റെ ആദ്യ ചുവടുവെയ്പ്പാണ്. നാരായത്തിന്റെ ഒരു നിര്‍ദേശം കാലഘട്ടം തിരിച്ച് കവികളെ യഥാക്രമം അടയാളപ്പെടുത്തുവാന്‍ സാധിച്ചിരുന്നെങ്കില്‍ ഉചിതമാകും എന്നാണ്. ഇപ്പോള്‍ കുമാരനാശനില്‍ തുടങ്ങി പണ്ഡിറ്റ് കറുപ്പനില്‍ എത്തിയപ്പോള്‍( അറിയാതെ?) ചെയ്തുപോയ കാര്യം മലയാളത്തിലെ ലക്ഷണമൊത്ത മിസ്റ്റിക് കവിതയെ ഉള്‍പ്പെടുത്തി എന്നതാണ് . കാളീനാടകം. അതെഴുതിയ നാരായണഗുരുവാവട്ടെ കുമാരനാശാനെക്കാളും മികച്ച കവിതകള്‍(ജനപ്രീതിയിലല്ല) എഴുതിയ വ്യക്തിയാണ്. മലയാളത്തിലെ ആദ്യ ബഹുഭാഷകവികളിലൊരാളാണ്. മലയാളം ,സംസ്കൃതം, തമിഴ് എന്നിങ്ങനെ മൂന്ന് ഭാഷകളില്‍ മാതൃഭാഷയിലെന്ന പോലെ എഴുതിയ കവി. 1800കളുടെ അവസാനത്തില്‍ തന്നെ നരായണ ഗുരു മലയാളകവിതയില്‍ ഉത്തരാധുനികത കഴിച്ചു വെച്ചയാളാണ്. അതും മുട്ടിനു താഴെ വസ്ത്രമുടുക്കാനോ, മാറുമറയ്ക്കനോ, വേദം പഠിക്കാനോ,വഴിനടക്കുവാനോ എന്തിനധികം ക്ഷേത്രത്തിന് നൂറടിഅകലെ ഇട്ടിരിക്കുന്ന തീണ്ടല്‍ കല്ലിനപ്പുറം വഴി പോകേണ്ട പിന്നോക്ക വിഭാഗത്തില്‍ ജനിച്ചിട്ടും അത്തരം വിലക്കുകളെ രക്തരഹിതവിപ്ലവത്തിലൂടെ മറിച്ചിട്ട് കവിതകളിലൂടെ ഒരു മണ്ണിനെ ഉണര്‍ത്തിയ വ്യക്തി 1887ൽ ഇംഗ്ലീഷ് കലര്‍ത്തി കവിതയെഴുതിയിരുന്നു "റയിലിന്‍ വേഗം ജയിക്കും ജര നര മുതലാം മൂഡരും ഞാനുമായ് ജയിലില്‍ പാര്‍പ്പാന്‍".....എന്നിങ്ങനെ ഗുരു പണ്ടെ തുടങ്ങിയ അന്യഭാഷസ്വീകരണം ഇന്ന് മലയാളനിരൂപകര്‍ വിട്ടുകളഞ്ഞിരിക്കും. എങ്കിലും അതുപോലെയോ അതിനു സമാനമോ ആയിട്ടുള്ള ഒത്തിരി പഴയ കവികളും കൃതികളും ഇതില്‍ അടയാളപ്പെടുത്താം. അപ്രകാരം ചെയ്യുവാന്‍ ബ്ലോഗര്‍ക്ക് കഴിഞ്ഞാല്‍ മലയാളം ബ്ളോഗിലെ ധന്യമായ ഇടങ്ങളില്‍ ഒഴിവാക്കാനാവത്ത ഒന്നായിരിക്കും കാവ്യം സുഗേയം. ഈ സദുദ്ദ്യമത്തിന് എല്ലാവിധ ഭാവുകങ്ങളും.